District News
പത്തനംതിട്ട: കൃഷി, ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. 104,64,96,639 രൂപ വരവും 97,75,16,000 രൂപ ചെലവും 6,89,80,639 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026-27 ലെ ബജറ്റ് വൈസ് പ്രസിഡന്റ് അനീഷ്വരിക്കണ്ണാമല അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം ലഭിക്കുന്നതോടെ അനുബന്ധ പദ്ധതികൾ കൂടി ബജറ്റിന്റെ ഭാഗമാകും. ഇതോടെ ബജറ്റ് പുതുക്കേണ്ടി വരുമെന്ന സൂചനയും വൈസ് പ്രസിഡന്റ് നൽകി.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പുല്ലാട്, അടൂർ സീഡ് ഫാമുകളുടെ നവീകരണം ഈ വർഷത്തെ ഏറ്റവും പ്രധാന ലക്ഷ്യമാണ്. ഫാമുകളുടെ സമ്പൂർണ പുനരുജ്ജീവനം ലക്ഷ്യം വച്ച് മിഷൻ അഗ്രി എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കുമെന്ന് അനീഷ് വരിക്കണ്ണാമല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പുല്ലാട്, അടൂർ ഫാമുകളുടെ ലഭ്യമായ മുഴുവൻ സ്ഥലവും ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കും. നെൽ കൃഷിയും മറ്റു വിളകളും കൃഷി ചെയ്യുന്നതിനൊപ്പം ഗുണനിലവാരമുള്ള തെങ്ങ്, കമുക്, റമ്പൂട്ടാൻ, മാംഗോസ്റ്റീൻ അടക്കമുളളവയുടെ തൈകൾ ഉത്പാദിപ്പിക്കും.
ഫാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലേക്ക് 10 ലക്ഷം രൂപ വകയിരുത്തി. അപ്പർ കുട്ടനാടിന്റെ നെല്ലറകളെ സംരക്ഷിക്കുന്നതിനും വന്യജീവിശല്യം രൂക്ഷമായ മലയോര മേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിനും നടപടികൾ കൈക്കൊളളും. വന്യമൃഗശല്യം തടയുന്നതിലേക്ക് ഫെൻസിംഗ് ഒരുക്കുകയും സാധ്യമായ ഇതര നടപടികൾ സ്വീകരിക്കുകയും ചെയ്യും. കാർഷിക മേഖലയ്ക്ക് ഏഴു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
കർഷകരെ സഹായിക്കാൻ അന്തിച്ചന്തകൾ
വിപണിയെ സജ്ജമാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ 20 അന്തിച്ചന്തകൾ ഒരുക്കും. കാർഷിക വിളകൾ കൃഷി ഇടങ്ങളിൽ നിന്നും നേരിട്ട് വിപണിയിൽ എത്തിച്ച് വിപണനം ചെയ്യും. അന്തിച്ചന്തകൾ ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വകയിരുത്തി.
കുടുംബശ്രീ ഗ്രൂപ്പുകൾ മുഖേന ചെറുകിട ഫാമുകൾ പ്രോത്സാഹിപ്പിക്കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പുളിക്കീഴിൽ നിർമിച്ചുകൊണ്ടിരിക്കുന്ന എബിസി കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 50 ലക്ഷം രൂപയുടെ നിർമാണമാണ് പുളിക്കീഴ് നടന്നുകൊണ്ടിരിക്കുന്നത്. മിഷൻ നന്ദിനി പദ്ധതിക്ക് നാലു ലക്ഷം രൂപയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 54 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ എബിസി പദ്ധതിക്കായി ഉപകരണവും മരുന്നും വാങ്ങുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി.
റാന്നിയിൽ സ്റ്റാർട്ട് അപ്പ് സംരംഭം
റാന്നിയിൽ സ്റ്റാർട്ട് അപ്പ് സംരംഭം യാഥാർഥ്യമാക്കുമെന്ന് ബജറ്റിൽ പറയുന്നു. പ്രമാടത്ത് നൈപുണ്യ വികസനകേന്ദ്രം ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് 10 ലക്ഷം രൂപയും കുടുംബശ്രീ യൂണിറ്റുകൾ, ജെഎജി എന്നിവയുടെ മൂല്യ വർധിത ഉല്പന്ന യൂണിറ്റുകൾക്ക് 50 ലക്ഷം രൂപയും ഉൾപ്പെടെ 60 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനിലും കുടിവെളള പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്ന മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കും. ഇതിനായി 2.65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തടയണകൾ നിർമിച്ചും കയ്യാലകൾ കെട്ടിയും മണ്ണ് സംരക്ഷിക്കുന്നതിലേക്ക് 4.81 കോടി രൂപ വകയിരുത്തി.
പെരിറ്റോണിയൽ ഡയാലിസിസിന് 20 ലക്ഷം
ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്തിനു വിട്ടുകിട്ടിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളുടെയും വികസനപ്രവർത്തനങ്ങൾക്കായി ബജറ്റിൽ വിഹിതമുണ്ടാകും. വൃക്ക രോഗികൾക്കായി ഏറ്റവും നൂതനമായ ചികിത്സാ സംവിധാനമായി പെരിറ്റോണിയൽ ഡയാലിസിസ് പ്രോത്സാഹിപ്പിക്കുന്നതിലേക്ക് 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രി വികസനപ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയാണ് ബജറ്റ് വിഹിതം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഗൗരവകരമായ ഇടപെടൽ ഉണ്ടാകും. സ്ഥലപരിമിതി നിലനിൽക്കുന്നതും നിർമാണപ്രവർത്തനങ്ങളിലെ ദീർഘവീക്ഷണമില്ലായ്മയും ആശുപത്രിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അയിരൂരിലെ ആയുർവേദ ആശുപത്രിയിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് 1.38 കോടി രൂപ അനുവദിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എല്ലാ ഇടത്താവളങ്ങളിലും ഭക്തർക്ക് ആയുർവേദ മരുന്നുകൾ സൗജന്യമായി നൽകും.കൊറ്റനാട്ടെ ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഇതിലേക്ക് 50 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
പത്തരമാറ്റോടെ പത്താംതരം
ജില്ലയിലെ പത്താംക്ലാസ് വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പത്തരമാറ്റോടെ പത്താംതരം പദ്ധതി നടപ്പിലാക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ജില്ല പിന്നാക്കം പോകുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി തയാറാക്കുന്നത്. കണ്ണശ കവികളുടെ ചരിത്രം പേറുന്ന കടപ്ര കണ്ണശ വിദ്യാലയത്തിന് 50 ലക്ഷം രൂപ മാറ്റിവച്ചു.
ജില്ലയിലെ എസ്പിസി പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നീക്കിവച്ചു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി വിദ്യാദീപം പദ്ധതി നടപ്പിലാക്കും. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ സ്കൂളിന്റെ ഇരുവശത്തും വനമാണ് എന്നതു പരിഗണിച്ച് മതിൽ പണിയുന്നതിന് 25 ലക്ഷം അനുവദിക്കും.
ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഷീ ടോയ് ലറ്റിനായി 25 ലക്ഷം രൂപയും സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്ക് 25 ലക്ഷം രൂപയും കടപ്ര സ്കൂളിൽ കംപ്യൂട്ടറുകൾ വാങ്ങാൻ അഞ്ചു ലക്ഷം രൂപയും ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ ഇവയുടെ അറ്റകുറ്റപ്പണികൾക്കും കെട്ടിട നിർമാണത്തിനുമായി 6.37 കോടി രൂപയും ഉൾപ്പെടെ 7.5 കോടി രൂപ വകയിരുത്തി.
കലാ, കായിക മേഖലകളിലും ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ബജറ്റ് അവതരണത്തിൽ വൈസ് പ്രസിഡന്റ് പറഞ്ഞു.
വനിതകൾക്കായി ഓപ്പൺ ജിമ്മുകൾ
വനിതാ സംരക്ഷണത്തിനും ശക്തീകരണത്തിനുമായി പദ്ധതികൾ നടപ്പാക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിലെ നാലുമണിക്കാറ്റിൽ നിതാ ഓപ്പൺ ജിം, പ്രമാടം, വള്ളിക്കോട് അടക്കമുള്ള പഞ്ചായത്തുകളിൽ വനിതാ ഓപ്പൺ ജിം എന്നിവ സ്ഥാപിക്കും.
ലഹരി മാഫിയയിൽ നിന്നുള്ള വിപത്ത് നേരിടുന്നതിലേക്ക് ശിശുക്ഷേമവുമായി ബന്ധപ്പെട്ടു ജാഗ്രത പുലർത്തി പ്രത്യേക പദ്ധതികൾ നടപ്പാക്കും. കുട്ടികൾക്ക് കായിക പരിശീലനത്തിന് അവസരങ്ങൾ ഒരുക്കും. നീന്തൽ, യോഗ അടക്കമുള്ളവ പരിശീലിക്കാനുള്ള വേദികൾ സജ്ജീകരിക്കും. സാമൂഹിക വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി മൂന്നു കോടി രൂപയാണ് ബജറ്റ് വിഹിതം.
പത്തു വയസു പിന്നിട്ട വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പദ്ധതി ആവിഷ്കരിക്കും.
ഊർജ്ജ മേഖല
ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന്റെഭാഗമായി ആദ്യ പടിയായി ജില്ലാ പഞ്ചായത്തിൽ സൗരോർജ്ജ പാനൽ ഈ വർഷം സ്ഥാപിക്കും. വരും വർഷങ്ങളിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും സൗരോർജ്ജ പാനൽ സ്ഥാപിക്കും. പഞ്ചായത്തുകളുമായി സഹകരിച്ച് മിനി മാസ്റ്റ് ലൈറ്റുകളും സഥാപിക്കും. തെരുവ് വിളക്കുകൾ ഇല്ലാത്ത ഇടങ്ങളിൽ സ്ഥാപിക്കാനും നടപടി ഉണ്ടാകും. 16 ലക്ഷം രൂപ വകയിരുത്തി.
തപസ്വി ഓമലിന് സ്മൃതി മണ്ഡപം
150 വർഷം മുൻപ് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് മൈലാടുംപാറയിൽ ശിവപ്രതിഷ്ഠ നടത്തിയ തപസ്വി ഓമലിന്റെ സ്മൃതി മണ്ഡപം സ്ഥാപിക്കും. പന്തളം കുന്നിക്കുഴിയിൽ പട്ടികജാതി വനിതകൾക്കായി ഒരു കോടി രൂപയുടെ ഹോസ്റ്റൽ നിർമിക്കും. 50 ലക്ഷം രൂപയാണ് ഇക്കൊല്ലം ഇതിനായി ചെലവഴിക്കുന്നത്.
പട്ടികജാതി വിദ്യാർഥികളുടെ പഠനമുറിക്കായി രണ്ടുകോടി രൂപ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് വിദേശ തൊഴിൽ ധനസഹായത്തിന് 30 ലക്ഷം . മിശ്ര വിവാഹിതർക്ക് (50 ലക്ഷം രൂപ), അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് ( 50 ലക്ഷം രൂപ) എന്നിവയ്ക്കും തുക വകയിരുത്തി. പട്ടിക വർഗ വികസനത്തിനായി 52 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വാർഡുകളിലും വയോജന ക്ലബുകൾ
ജില്ലയിലെ മുഴുവൻ വാർഡുകളിലും വയോജന ക്ലബുകൾ രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തിൽ കോഓർഡിനേറ്ററെ നിയമിച്ച് ക്ലബ് മുന്നോട്ടുകൊണ്ടുപോകും. എല്ലാ വർഷവും വയോജനങ്ങളുടെ കലാ കായിക മേള ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കും. 2.03 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്.
ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് സിപി ചെയറിനും ഇലക്ട്രിക് ട്രൈ സ്കൂട്ടർ നൽകുന്നതിനും 60 ലക്ഷം രൂപ വകയിരുത്തി.
ഭിന്നലിംഗത്തിൽപട്ടവർക്ക് പോഷകാഹാരം നൽകുന്നതിലേക്ക് അഞ്ചുലക്ഷം രൂപയാണ് ബജറ്റ് വിഹിതം.തോട്ടപ്പുഴശേരിയിലും കടപ്രയിലും ആധുനിക ശ്മശാനങ്ങൾതോട്ടപ്പുഴശ്ശേരി പഞ്ചായത്തിലും കടപ പഞ്ചായത്തിലും രണ്ട് ആധുനിക ശ്മശാനങ്ങൾ സ്ഥാപിക്കും. പൂർണമായും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
കോഴഞ്ചേരിയിൽ ഫുട്ബോൾ ടർഫ്
കോഴഞ്ചേരി ഡിവിഷനിൽ 50 ലക്ഷം രൂപ ചെലവിൽ ഒരു ആധുനിക ഫുട്ബോൾ ടർഫ് നിർമിക്കും . വോളിബോൾ ബാസ്കറ്റ്ബോൾ, ഷട്ടിൽ എന്നിവയ്ക്കും ജില്ലയിൽ സ്റ്റേഡിയങ്ങൾ നിർമിക്കും. ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിനും കായികമേളകൾ സംഘടിപ്പിക്കുന്നതിനും പണം നീക്കി വച്ചിട്ടുണ്ട്. ലൈബ്രറികൾ നവീകരിക്കുന്നതിനും പുസ്തകങ്ങൾ വാങ്ങുന്നതിനും പണം നൽകും.
പടയണി സംരക്ഷണ സമിതി രൂപീകരിക്കും
പത്തനംതിട്ടയുടെ പാരമ്പര്യ കലയായ പടയണിയെ സംരക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഒരുക്കും. പല ദിക്കുകളിലായി ചിതറിക്കിടക്കുന്ന പടയണി കൂട്ടായ്മയ്ക്കായി ജില്ലാ പടയണി സംരക്ഷണ സമിതി രൂപീകരിക്കും. കുട്ടികളെ പടയണി പരിശീലിപ്പിക്കുന്നതിന് സമിതികൾക്ക് 5,000 രൂപ വീതം ഗ്രാന്റ് നൽകും. വർഷംതോറും രണ്ടുദിവസം നീണ്ടുനിൽക്കുന്ന പടയണി മേള നടത്തും.
10 ലക്ഷം രൂപ ഇതിനായി മാറ്റിവച്ചു. ജില്ലാകഥകളിമേളയ്ക്ക് കഥകളി ക്ലബിനു ധനസഹായമായി രണ്ട് ലക്ഷം രൂപയും, ആറന്മുള വഞ്ചിപ്പാട്ട് കളരിക്ക് ധനസഹായമായി 1.5 ലക്ഷം രൂപയും ജില്ലയിലെ പള്ളിയോടങ്ങൾക്ക് ഗ്രാന്റിനായി നാലു ലക്ഷം രൂപയും വകയിരുത്തി. വടശേരിക്കരയിലെ ശബരിമല ഇടത്താവളം നിർമാണത്തിന് 20 ലക്ഷം രൂപ നീക്കിവച്ചു.
തീർഥാടന ടൂറിസത്തിന് 15 ലക്ഷം
തീർഥാടന ടൂറിസത്തിനായി ബജറ്റിൽ 15 ലക്ഷം രൂപ നീക്കിവച്ചു. കോട്ടാങ്ങൽ പഞ്ചായത്തിലെ നാഗപ്പാറ, ചുങ്കപ്പാറ പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് 10 ലക്ഷം , ഗവിയുടെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്ന ബൃഹത് പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പിലാക്കും. ആറു മീറ്റർ വീതിയുള്ള റോഡുകൾ ബഹുവർഷ പദ്ധതികളായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു. സർക്കാർ സഹായത്തോടെ ആധുനിക രീതിയിലുള്ള ടാറിംഗ് നടപ്പിലാക്കാൻ ശ്രമിക്കും. ഇതിനായി 12 കോടി രൂപ നീക്കിവയ്ക്കും.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് ആധുനിക മുഖം നൽകുന്നതിന്റെ ഭാഗമായി ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള നിർമാണ പ്രവൃത്തികൾ നടന്നുവരുന്നു.
ലിഫ്റ്റും എസി ഓഡിറ്റോറിയവും പാർക്കിംഗ് ഗ്രൗണ്ടും ഇതിന്റെ ഭാഗമായി ഉണ്ടാകും. ജില്ലാ പഞ്ചായത്ത് ഓഫീസ് കാര്യാലയവും എൻജിനിയറിംഗ് വിംഗും 50 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ച് മികച്ച സേവനം ഉറപ്പു വരുത്തും.
കോഴഞ്ചേരി ആസ്ഥാനമായ താലൂക്ക് വേണം
കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ചിരകാല ആവശ്യം ജില്ലാ പഞ്ചായത്ത് ബജറ്റിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് ഉന്നയിച്ചത് ശ്രദ്ധിക്കപ്പെട്ടു. നിലവിലെ കോഴഞ്ചേരി താലൂക്ക് വിഭജിച്ച് പത്തനംതിട്ട, കോഴഞ്ചേരി എന്നിങ്ങനെ രണ്ട് താലൂക്കുകൾ രൂപീകരിക്കണമെന്നതാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട വാദവും വാഗ്ദാനവും അധികാരികൾ വിസ്മരിച്ചുവെന്ന കുറ്റപ്പെടുത്തലാണ് ബജറ്റിന്റെ ആമുഖത്തിലുള്ളത്നലവിലെ ചില പഞ്ചായത്തുകളും വില്ലേജുകളും വിഭജിച്ചും പുതിയ നഗരസഭകൾ രൂപീകരിച്ചും വികസനത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അനീഷ് വരിക്കണ്ണാമല ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ് അടക്കം ഉണ്ടെന്നിരിക്കേ ആരോഗ്യ മേഖലയിൽ ജില്ലയിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ചികിത്സാ സ്വപ്നങ്ങൾ പുറത്താണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള മേഖലയിൽ വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ചികിത്സാ സൗകര്യങ്ങളുടെയും അഭാവംമൂലം ആളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യവും ബജറ്റ് ചൂണ്ടിക്കാട്ടി. ജില്ലയുടെ അഭിമാനമായ പ്രവാസികളോടു നീതി പുലർത്തിയിട്ടില്ലെന്ന വിമർശനവും ബജറ്റിലുണ്ട്.
ആലിൻ ഷെറിന് പ്രണാമം അർപ്പിച്ച് തുടക്കം
അവയവദാനത്തിലൂടെ അഞ്ച്പേർക്ക് ജീവൻ നൽകിയ മല്ലപ്പള്ളി സ്വദേശി ആലിൻ ഷെറിൻ ഏബ്രഹാമിന്റെ സ്മരണകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം ആരംഭിച്ചത്.
പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ എം. വി. അമ്പിളി, ജി. സതീഷ് ബാബു, ജി. ശ്രീനാദേവി കുഞ്ഞമ്മ, ജൂലി സാബു ഓലിക്കൽ, അംഗങ്ങളായ ആരോണ്‍ ബിജിലി പനവേലിൽ, എ. എന്‍. സലീം, ബീന പ്രഭ, ഡോ. ബിജു റ്റി. ജോര്‍ജ്, നീതു മാമ്മന്‍ കൊണ്ടൂർ, എസ്. സന്തോഷ്കുമാർ, സാം ഈപ്പന്, സവിത അജയകുമാര്‍, സ്റ്റെല്ല തോമസ്, ടി .കെ. സജി, വൈഷ്ണവി ശൈലേഷ്, സെക്രട്ടറി എസ് ഷെര്‍ള ബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ജില്ലയിൽ അത്യാധുനിക കാൻസർ ആശുപത്രി സ്ഥാപിക്കും
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷികബജറ്റിൽ കാൻസർ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാൻ പദ്ധതി. ഇതിനായി ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വർഷം തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കാൻസർ ചികിത്സാമേഖലയിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കും. പ്രാരംഭഘട്ടത്തിൽ ഒപി സേവനങ്ങളും സ്ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും.
സാമൂഹിക ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാർഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് വൈസ് പ്രസിഡന്റ് എ.പി. സ്മിജി അവതരിപ്പിച്ച ബജറ്റ്.
202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കിഡ്നി വെൽഫയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കും. വനിതകൾക്ക് സൗജന്യ യാത്രയ്ക്ക് ഷീ ബസ്, അന്താരാഷ്ട്ര സ്പോർട്സ് സിറ്റി, മണ്ണ് - ജലം പരിശോധനാ ലാബുകൾ, പട്ടികജാതി- വർഗ വിഭാഗങ്ങൾക്ക് വീടും സ്ഥലവും വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ, ആശാവർക്കർമാർക്ക് അധികവേതനം, സ്മാർട്ട് മലപ്പുറം പദ്ധതി, പൈതൃകശാല, വിആർ ലാബുകൾ, മഹിളാകേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്ക് ആക്സസ് ഓണ്‍ വീൽസ് പദ്ധതി, കാർബണ്‍ ന്യൂട്രൽ പദ്ധതി, സമഗ്ര ടൂറിസം പദ്ധതി, വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് ലാബുകൾ, ലൈബ്രറി നവീകരണം എന്നിവക്കും പ്രത്യേക പരിഗണന നൽകി. സ്ത്രീശക്തീകരണ പദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പ്രത്യേക ക്ഷേമപദ്ധതികൾ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി അധ്യക്ഷനായിരുന്നു. സ്ഥിരസമിതി അധ്യക്ഷരായ ഷാഹിന നിയാസി, പി.കെ. അസ് ലു, ആലിപ്പറ്റ ജമീല, കെ.ടി. അജ്മൽ, അംഗങ്ങളായ വെട്ടം ആലിക്കോയ, കെ.ടി. അഷ്റഫ്, എൻ.എ. കരീം, സെക്രട്ടറി പി.എം. രാജീവ്, ഫിനാൻസ് ഓഫീസർ എം.മുഹമ്മദ് ബഷീർ ചർച്ചയിൽ പങ്കെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 31-ാമത്തെ ബജറ്റും പുതിയ ഭരണസമിതിയുടെ ഒന്നാമത്തെ ബജറ്റുമാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.
മറ്റു പ്രധാന പദ്ധതികൾ
കാർഷികരംഗത്തെ വൈവിധ്യവത്കരണത്തിന് മൂന്നുകോടി, മില്ലെറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കോടി, വിത്തുത്പാദനവും മൈക്രോ ബയോളജിയും: ഒന്നരക്കോടി, നാളികേരം: ഒന്നരക്കോടി, പച്ചക്കറി, വെറ്റില കൃഷി: രണ്ടു കോടി, നെല്ല്, വാഴ: ആറു കോടി, വിദേശ പഴങ്ങൾ: ഒരു കോടി, വിദ്യാലയങ്ങൾ കർഷക കേന്ദ്രങ്ങളാക്കുന്നതിന്: രണ്ടു കോടി, കാർഷിക പഴ സംരംഭകത്വവും വിപണിയും: ഒന്നരക്കോടി, കൃഷിയുടെ സാമൂഹിക മാനം: 12 കോടി, മൃഗസംരക്ഷണവും ക്ഷീരോത്പാദനവും: മൂന്നു കോടി, വ്യവസായ മേഖല: ഒരു കോടി, ഉൗർജ സംരക്ഷണം: ഒരു കോടി, കാർബണ്‍ ന്യൂട്രൽ പദ്ധതി 2050: മൂന്നു കോടി, നെറ്റ് സീറോ മലപ്പുറം: 30 ലക്ഷം, സോളാർ: ഒരു കോടി, മാലിന്യം: ഒരു കോടി, കന്പോസ്റ്റ്: 40 ലക്ഷം, ജല-ഉൗർജ സംതുലനം: 30 ലക്ഷം, ആരോഗ്യ മേഖലക്ക്: 20 കോടി, ഭിന്നശേഷി സൗഹൃദ ജില്ല: 10 കോടി, വനിതാ ശക്തീകരണം: നാലു കോടി, പട്ടികജാതി-വർഗ ക്ഷേമം ഉൾപ്പടെയുള്ള പ്രത്യേക ഘടകപദ്ധതികൾ: 26 കോടി, പശ്ചാത്തല വികസനം: 10 കോടി രൂപ. എന്നിങ്ങനെ തുക നീക്കിവച്ചു.
District News
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ മേഖലയിൽ ഹയർ സെക്കൻഡറി ഫലത്തിൽ സംസ്ഥാനത്തു വളരെ പിന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയുടെ പോരായ്മകൾ കണ്ടെത്തി ചികിത്സ നല്കാൻ ജില്ലാ പഞ്ചായത്ത്. എസ്എസ്എൽസി, പ്ലസ്ടു ഫലങ്ങൾ മെച്ചപ്പെടുത്താൻ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു.
എന്നാൽ കതിരിൽ വളംവച്ചിട്ടു കാര്യമില്ലെന്നും പോരായ്മകൾ കണ്ടെത്താനുള്ള ചർച്ചകളായിരിക്കും ആദ്യം നടത്തുകയെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. 2025ൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനമാണ് പത്തനംതിട്ടയ്ക്കുണ്ടായിരുന്നത്.
ജില്ലയിലെ 79 സ്കൂളുകളിലായി 10572 കുട്ടികളാണ് പരീക്ഷ എഴുതിയത്. 10628 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ എഴുതിയവരിൽ 7708 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. വിജയശതമാനം 72.91. 723 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയുമുണ്ടായി.
സംസ്ഥാനാടിസ്ഥാനത്തിൽ 2024ൽ പത്തനംതിട്ട ജില്ല പത്താം സ്ഥാനത്തായിരുന്നു. 2024ൽ 74.94 ശതമാനം വിജയമുണ്ടായിരുന്നു. 81 സ്കൂളുകളിലായി 10890 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8161 പേർ ഉപരിപഠന യോഗ്യത നേടുകയും ചെയ്തു. 2023ൽ 76.59 ശതമാനം വിജയം ജില്ല നേടിയെങ്കിലും അക്കൊല്ലം സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ടയിലായിരുന്നു.
പതിറ്റാണ്ടായി ശ്രമം തുടരുന്നു
പത്തനംതിട്ട ജില്ലയിലെ പ്ലസ്ടു ഫലം മെച്ചപ്പെടുത്താനായി വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ഏറെ വർഷങ്ങളായി അക്ഷീണ പരിശ്രമത്തിലാണ്. എന്നാൽ വിജയശതമാനം സംസ്ഥാന ശരാശരിയോടൊപ്പം എത്തിക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. എസ്എസ്എൽസി പരീക്ഷയിൽ 99 ശതമാനത്തിലധികം കുട്ടികളും വിജയിക്കുന്ന ജില്ലയിൽ പ്ലസ്ടു ഫലം വരുന്പോഴേക്കും 75 ശതമാനം വിജയം പോലും നേടാനാകുന്നില്ല. മെച്ചപ്പെട്ട വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും ഒട്ടനവധി സ്കൂളുകൾ നേട്ടമുണ്ടാക്കുന്പോൾ പിന്നാക്ക മേഖലയിലെ ചില വിദ്യാലയങ്ങളിലുണ്ടാകുന്ന തോൽവിയാണ് പത്തനംതിട്ടയെ പിന്നിലേക്കടിക്കുന്നത്.
ഹയർ സെക്കൻഡറി ഫലം മെച്ചപ്പെടുത്തുന്നതിലേക്ക് 2017 മുതൽ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് രംഗത്തുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയിൽ ഈ പദ്ധതി തുടരുകയാണ്. പദ്ധതിക്ക് ഇതിനോടകം പേരുകൾ പലതും മാറിവന്നെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. നമ്മളെത്തും മുന്നിലെത്തും പദ്ധതിയാണ് നിലവിലുള്ളത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വവും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവും പ്രധാന പ്രശ്നമാണ്.
അധ്യയന വർഷാരംഭത്തിൽ ഒരിക്കൽപോലും പദ്ധതി പ്രവർത്തനം തുടങ്ങാനായിട്ടില്ല. സ്കൂളുകളിൽ പാഠഭാഗങ്ങൾ പൂർത്തിയായശേഷമായിരിക്കും ജില്ലാ പഞ്ചായത്ത് പദ്ധതി പ്രത്യേകമായി വരിക. ഇതാകട്ടെ കതിരിൽ വളംവയ്ക്കുന്നതിനു തുല്യവുമാകും. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്കായി സ്പഷൽ ട്യൂഷൻ, പ്രത്യേക പുസ്തകങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്. ഇത്തരം കുട്ടികൾക്കായി സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്. എന്നാൽ അധ്യാപകരിൽ നല്ലൊരു വിഭാഗം ഇപ്പോഴും പദ്ധതിയോടു സഹകരിച്ചിട്ടില്ല.
പത്തിലെ സന്പൂർണ വിജയം
പത്താംക്ലാസിലെ സന്പൂർണ വിജയത്തേ തുടർന്ന് ഹയർ സെക്കൻഡറി ക്ലാസുകളിലേക്കു പ്രവേശിക്കുന്ന കുട്ടികളുടെ പഠനനിലവാരമാണ് പ്ലസ്ടു ഫലത്തെ ബാധിക്കുന്ന പ്രധാന ഘടകം. പ്രത്യേക ശ്രദ്ധയും പരിശീലനവും വേണ്ട കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എത്താറുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇത്തരം കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനത്തോടു താദാത്മ്യപ്പെടാനാകാതെ വരുന്നുണ്ട്. എന്നാൽ പല സ്കൂളുകളിലും ഈ കുട്ടികൾക്കു പ്രത്യേക കരുതൽ ഉണ്ടാകുന്നില്ല.
സ്കൂളുകളിൽ സ്ഥിരം അധ്യാപകരില്ലാത്തതും ബാച്ചുകൾ അധികമായതും പ്രശ്നങ്ങളായുണ്ട്. കുട്ടികളുടെ കുറവു കാരണം ഹയർ സെക്കൻഡറി ബാച്ചുകൾ തന്നെ വേണ്ടെന്നുവച്ച സ്കൂളുകളും പത്തനംതിട്ട ജില്ലയിലുണ്ട്.
ഹയർ സെക്കൻഡറിക്കായി ജോയിന്റ് ഡയറക്ടർ ഓഫീസ് പത്തനംതിട്ടയിൽ ഇല്ല. ചെങ്ങന്നൂർ ആർഡിഡിയുടെ കീഴിലാണ് പത്തനംതിട്ട. ഹയർ സെക്കൻഡറിയിൽ പദ്ധതി നടപ്പാക്കുന്പോൾ അതിനു നേതൃത്വം നൽകാൻ ഡിഡിഇയ്ക്കാകില്ല. ആർഡിഡി ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്താറുമില്ല
District News
ഇടുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കരിങ്കുന്നം ഡിവിഷനില്‍നിന്ന് വിജയിച്ച കേരള കോണ്‍ഗ്രസിലെ ഷീല സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അടിമാലി ഡിവിഷന് അംഗം കോണ്‍ഗ്രസ് പ്രതിനിധി ടി.എസ്. സിദ്ദിഖിനെയും തെഞ്ഞെടുത്തു. വരണാധികാരി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മുന്‍പാകെ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്തു.
ജില്ലാ പഞ്ചായത്തില്‍ ആകെ 17 ഡിവിഷനുകളാണുള്ളത്. ഷീല സ്റ്റീഫന്‍ 14 വോട്ടും എതിര് സ്ഥാനാര്‍ഥി നെടുങ്കണ്ടം ഡിവിഷനിലെ തിലോത്തമ സോമന് മൂന്നു വോട്ടും നേടി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.എസ്. സിദ്ദിഖ് മൂന്നിനെതിരേ 14 വോട്ടുകള്‍ക്കു വിജയിച്ചു. എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ ടി.ആര്. ഈശ്വരന് മൂന്നു വോട്ടുകള്‍ നേടി. എഡിഎം ഷൈജു പി. ജേക്കബും പങ്കെടുത്തു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പത്തും കേരള കോണ്‍ഗ്രസിന് നാലും അംഗങ്ങളാണുള്ളത്. ആദ്യ ഒരു വര്‍ഷം അധ്യക്ഷസ്ഥാനം കേരള കോണ്‍ഗ്രസിനും തുടര്‍ന്നുള്ള നാലു വര്‍ഷം കോണ്‍ഗ്രസിനും ലഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷീല സ്റ്റീഫന്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ്. കോട്ടയം ബിസിഎം കോളജ് റിട്ട.പ്രിന്‍സിപ്പലാണ്.
District News
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു വിജയിച്ച മുപ്പത് അംഗങ്ങളും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
ജില്ലാ ആസൂത്രണഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെ ടുക്കപ്പെട്ട മുതിർന്ന അംഗം മേരി തോമസിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വാഴാനി ഡി വിഷനിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മേരി തോമസ് തുടർന്ന് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏഴുപേർ ഈശ്വരനാമത്തിലും ഒരംഗം ദൈവനാമത്തിലും ഒരംഗം അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തപ്പോൾ 21 അംഗങ്ങൾ ദൃഢപ്രതിജ്ഞ നടത്തി.
പി. ബാലചന്ദ്രൻ എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ജില്ലാപഞ്ചായത്തിന്റെ ഭരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രഥമയോഗം ചേർന്നു.
District News
കോട്ടയം: ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
ജില്ലാ പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ കാഞ്ഞിരപ്പള്ളി ഡിവിഷനില്‍നിന്നുള്ള തോമസ് കുന്നപ്പള്ളി ജില്ലാ കളക്ടര്‍ തേജന്‍ കുമാര്‍ മീണയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. തോമസ് കുന്നപ്പള്ളി 22 അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് തോമസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്തിന്റെ പ്രഥമ യോഗവും ചേരും. 27നു രാവിലെ 10ന് പ്രസിഡന്റ് തെരഞ്ഞെടപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കു
Kerala
കാസർഗോഡ്: ജില്ലാ പഞ്ചായത്ത് ഭരണം സിപിഎമ്മിന് തന്നെ. ബേക്കൽ ഡിവിഷനിലെ റീ കൗണ്ടിംഗ് ഫലം പുറത്തുവന്നതോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് ഉറപ്പിച്ചത്.
പള്ളിക്കര പഞ്ചായത്തിലെ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ സംശയത്തെ തുടർന്നാണ് ഇവിടെ റീ കൗണ്ടിംഗ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയാണ് പരാതി നൽകിയത്. എന്നാൽ ഫലം പുറത്തുവന്നതോടെ എൽഡിഎഫ് തുടർഭരണം ഉറപ്പിക്കുകയായിരുന്നു.
ബേക്കൽ ഡിവിഷൻ യുഡിഎഫിനൊപ്പം നിന്നിരുന്നുവെങ്കിൽ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചേനെ.
District News
ഭരണങ്ങാനം ഡിവിഷന്
ജില്ലാ പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനായി ഭരണങ്ങാനത്ത് കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. യുഡിഎഫ് സീറ്റില്‍ കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാടിന്റെ ഭാര്യ ലൈസമ്മ പുളിങ്കാടും എല്‍ഡിഎഫ് സീറ്റില്‍ മഹിളാ കോണ്‍ഗ്രസ്-എം സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മാഗി കല്ലറയ്ക്കലുമാണ് രംഗത്തുള്ളത്. ഭരണങ്ങാനം ഡിവിഷനില്‍ കരൂര്‍, മീനച്ചില്‍, കടനാട്, ഭരണങ്ങാനം, എലിക്കുളം പഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്.
ലൈസമ്മ ജോര്‍ജ് -യുഡിഎഫ്
ദീര്‍ഘകാലത്തെ അധ്യാപന സേവനത്തിനു ശേഷം കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂളില്‍ നിന്നു ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്തു. എകെസിസി പാലാ രൂപത വനിതാ കോ ഓര്‍ഡിനേറ്ററും മാതൃവേദി പാലാ ഫൊറോന വൈസ് പ്രസിഡന്റുമാണ്. ലൈസമ്മ ജോര്‍ജിന്റെ കന്നിയങ്കമാണിത്.
പെണ്ണമ്മ ജോസഫ് -എല്‍ഡിഎഫ്
35 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ 14 വര്‍ഷം ഹെഡ്മിസ്ട്രസായിരുന്നു. ഭര്‍ത്താവ് പി.ടി. ജോസഫ് പന്തലാനി മീനച്ചില്‍ പഞ്ചായത്തില്‍ മെംബറായിരുന്നു.നിലവില്‍ കേരള വനിതാ വികസന കോര്പറേഷന് ഡയറക്ടറാണ്. 2015 ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗമാണ്. ജില്ലാ പഞ്ചായത്തിലേക്കു രണ്ടാമത്തെ മത്സരം.
മാഗി കല്ലറയ്ക്കല്‍ -എന്‍ഡിഎ
മാഗി കല്ലറയ്ക്കല്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരമാണ്. ളാലം ബ്ലോക്കിലേക്ക് കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. കാസയുടെ പാലാ നിയോജകമണ്ഡലം പ്രസിഡന്റാണ്.
പൂഞ്ഞാര്‍ ഡിവിഷന്
ഇടതു, വലതു, ബിജെപി മുന്നണികളെ പരാജയപ്പെടുത്തി കഴിഞ്ഞ തവണ ജനപക്ഷം സ്ഥാനാര്‍ഥി വിജയിച്ച ഡിവിഷനാണ് പൂഞ്ഞാര്‍. ഇത്തവണ ഡിവിഷന് തിരിച്ചുപിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും തീവ്ര ശ്രമത്തിലാണ്. ജനപക്ഷം പ്രതിനിധി ബിജെപിയിലെത്തിയതോടെ ഡിവിഷന് നിലനിര്‍ത്താന്‍ ഇത്തവണ എന്‍ഡിഎയും വാശിയേറിയ പോരാട്ടത്തിലാണ്. തിടനാട്, പൂഞ്ഞാര്‍, തലപ്പലം പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ വളതൂക്ക്, കളത്തൂക്കടവ് ഡിവിഷനുകളും ഉള്‍പ്പെടുന്നതാണ് പുതിയ പൂഞ്ഞാര്‍ ഡിവിഷന്.
ആര്. ശ്രീകല -യുഡിഎഫ്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, റിട്ടയേര്‍ഡ് പ്രധാന അധ്യാപിക, കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
മിനി സാവിയോ-എല്‍ഡിഎഫ്
നിലവില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 2005-2010 ജില്ലാ പഞ്ചായത്ത് ഈരാറ്റുപേട്ട ഡിവിഷന് അംഗവും 2015-2020ല്‍ തിടനാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സംസ്ഥാന ഗാര്‍ഹിക പീഡനകേസ് മോനിട്ടറിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബീനാമ്മ ഫ്രാന്‍സിസ്- എന്‍ഡിഎ
ബിജെപി ജില്ലാ കമ്മിറ്റിയംഗം, പാലാ അല്‍ഫോന്‍സാ കോളജ് റിട്ട. സൂപ്രണ്ട്, മുന്‍ ജില്ലാ പഞ്ചായത്തംഗം.
തലനാട് ഡിവിഷന്
ജില്ലാ പഞ്ചായത്തില്‍ പുതിയതായി രൂപീകരിച്ച ഡിവിഷനാണ് തലനാട്. പുതിയ ഡിവിഷനില്‍ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും വാശിയേറിയ പോരാട്ടത്തിലാണ്. തലനാട്, മേലുകാവ്, തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ പൂഞ്ഞാര്‍ കല്ലേക്കുളം, പാതാമ്പുഴ ഡിവിഷനുകളും കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ചോറ്റി ഡിവിഷനും ഉള്‍പ്പെടുന്നതാണ് തലനാട് ഡിവിഷന്.
ബിന്ദു സെബാസ്റ്റ്യന്‍- യുഡിഎഫ്
മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മൂന്നിലവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്.
അമ്മിണി തോമസ് -എല്‍ഡിഎഫ്
അമ്മിണി തോമസ് നിലവില്‍ തീക്കോയി പഞ്ചായത്ത് അംഗവും 20 വര്‍ഷമായി തീക്കോയി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. 2000-2005 ല്‍ ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന് അംഗമായിരുന്നു. 1995 ല്‍ തീക്കോയി പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റാണ്. 2015ലും പഞ്ചായത്ത് പ്രസിഡന്റായി. കേരള വനിതാ കോണ്‍ഗ്രസ്-എം സംസ്ഥാന വൈസ് പ്രസിഡന്റാണ്.
പി.വി. ലാലി -എന്‍ഡിഎ
ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം ഉപാധ്യക്ഷയായും ബിജെപി തീക്കോയി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റാണ്.
കുറിച്ചി ഡിവിഷന്
ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന് പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകള്‍ പൂര്‍ണമായും ഉള്‍പ്പെട്ടതാണ്. രണ്ട് തവണയായി യുഡിഎഫിന്റെ കൈകളിലുള്ള ഡിവിഷന് ഇക്കുറി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. എന്‍ഡിഎ ആകട്ടെ ഡിവിഷനില്‍ തങ്ങളുടെ കരുത്ത് ഇത്തവണ തെളിയിക്കുമെന്ന് തീരുമാനത്തിലാണ്.
ബെറ്റി ടോജോ- യുഡിഎഫ്
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, എകെസിസി വനിതാ കൗണ്‍സില്‍ ചങ്ങനാശേരി അതിരൂപത അംഗം. അധ്യാപനം, കൗണ്‍സലിംഗ്, ബിസിനസ് അഡ്മിനിസ്ട്രേഷന് മേഖലകളില്‍ തൊഴില്‍ പരിചയം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോസ്റ്റ് ഗ്രാജുവേറ്റ്. ജില്ലാ പഞ്ചായത്തില്‍ ആദ്യമായി മത്സരിക്കുന്നു.
സുമ എബി- എല്‍ഡിഎഫ്
മഹിളാ അസോസിയേഷന് ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗം, കുറിച്ചി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, കുറിച്ചി സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍, നീലംപേരൂര്‍ സെന്റ് ജോര്‍ജ് ക്നാനായ സ്കൂള്‍ അധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് തവണ കുറിച്ചി പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു.
ശൈലജ സോമന്- എന്‍ഡിഎ
കുറിച്ചി പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ കുറിച്ചി പഞ്ചായത്ത് 11-ാം വാര്‍ഡ് മെംബറുമാണ്. കോട്ടയം ഈസ്റ്റ് ജില്ലയിലെ മഹിളാമോര്‍ച്ചയുടെ വൈസ് പ്രസിഡന്റാണ്. 30 വര്‍ഷത്തിലധികമായി പൊതു പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നു.
District News
കോട്ടയം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് ധാരണയായി. ഒമ്പത് സീറ്റുകളില്‍ വീതം സിപിഎമ്മും കേരള കോണ്‍ഗ്രസ്-എമ്മും മത്സരിക്കും. നാല് ഡിവിഷന് സിപിഐക്കും ഒരു സീറ്റില്‍ പൊതുസ്വതന്ത്രനും ജനവിധി തേടും. അയര്‍ക്കുന്നം ഡിവിഷനില്‍ പൊതുസ്വതന്ത്രയായി ജിലു ജോണിനെ മത്സരിപ്പിക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസ്-എം, സിപിഎം പാര്‍ട്ടി താത്പര്യത്തിലാണ് ഇത്തരത്തില്‍ ധാരണ.
സിപിഎമ്മില്‍നിന്ന് കെ. രാജേഷ് (മുണ്ടക്കയം), ഡി. സുരേഷ് കുമാര്‍ (പൊന്‍കുന്നം) എന്നിവരെ നിശ്ചയിച്ചപ്പോള്‍ തൃക്കൊടിത്താനത്ത് നിലവിലെ അംഗം മഞ്ജു സുജിത്ത് ജനറല്‍ സീറ്റില്‍ ജനവിധിതേടും. കുമരകം, തലയാഴം, പുതുപ്പള്ളി, പാമ്പാടി, വെള്ളൂര്‍, കുറിച്ചി ഡിവിഷനുകളും സിപിഎമ്മിനാണ്.
ഭരണങ്ങാനം, കുറവിലങ്ങാട്, അതിരമ്പുഴ, കടുത്തുരുത്തി, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തലനാട്, കിടങ്ങൂര്‍ ഡിവിഷനുകളിൽ കേരള കോണ്‍ഗ്രസ്-എമ്മും വാകത്താനം, വൈക്കം, കങ്ങഴ, എരുമേലി ഡിവിഷനുകളിൽ സിപിഐയും മത്സരിക്കും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ധാരണയായത്.
സിപിഎമ്മും കേരള കോണ്‍ഗ്രസ്-എമ്മും ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ്-എമ്മില്‍ തലനാട്-അമ്മിണി തോമസ്, പൂഞ്ഞാര്‍-മിനി സാവിയോ, കുറവിലങ്ങാട്-പി.സി. കുര്യന്, ഉഴവൂര്‍-ഷിബി മത്തായി, അതിരമ്പുഴ-ജിം അലക്സ് എന്നിവര്‍ മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ സാജന് കുന്നത്ത്, ജോളി മടുക്കക്കുഴി, ഷാജി പാമ്പൂരി, ആന്റണി മാര്ട്ടിന് തുടങ്ങിയവരാണു പരിഗണനയിലുള്ളത്. അഭിപ്രായ ഏകീകരണം ഉണ്ടാകാതെ വന്നാല്‍ ജോര്‍ജ്കുട്ടി ആഗസ്തി സ്ഥാനാര്‍ഥിയാകാം. ജില്ലാ നേതൃചര്ച്ചയ്ക്കുശേഷം ഇന്നു പ്രഖ്യാപനമുണ്ടാകും.
അണിയറയില്‍ കൂറുമാറ്റ ചര്‍ച്ചകള്‍
കോട്ടയം: ആഗ്രഹിച്ച സീറ്റ് കിട്ടാതെവന്നാല്‍ ചേരി മാറാനും പാര്‍ട്ടി മാറാനും മടിയില്ലാതെ അണിയറയില്‍ ഒരു നിര നേതാക്കള്‍. നേതാവ് പാര്‍ട്ടി മാറുമ്പോള്‍ അഞ്ഞൂറും ആയിരവും അനുയായികളും കൂടെ പോന്നു എന്ന പത്രക്കുറിപ്പ് ഇറക്കാന്‍ ഇത്തരക്കാര്‍ക്ക് മടിയില്ല. ഉദ്ദേശിച്ച സീറ്റ് കിട്ടാതെവന്നതോടെ പാര്‍ട്ടി വിടാന്‍ ജില്ലയില്‍ കച്ചകെട്ടിയ സ്ഥാനമോഹികള്‍ ഒന്നോ ഒന്‍പതോ അല്ല.
ജില്ലയിലെ ഒരു നേതാവ് സിപിഎമ്മിന്റെ കൊടി പിടിച്ച് അടുത്തയാഴ്ച പുറത്തുവരും. ഏതാനും ചെറുകിട നേതാക്കളെ റാഞ്ചാന്‍ ബിജെപി വല വിരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്തില്‍ വരെ സീറ്റിനായി മറുകണ്ടം ചാടാനൊരുങ്ങിയിരിക്കുന്നവര് പലരാണ്. സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് എതിര് ചേരിയിലെത്തി നാലു ജില്ലാ നേതാക്കളാണ് രഹസ്യ ചര്‍ച്ച നടത്തിവരുന്നത്.
ബ്ലോക്ക് പഞ്ചായത്തിന് വര്‍ഷം പരമാവധി അഞ്ചു ലക്ഷം രൂപയേ പദ്ധതി വിഹിതം ഫണ്ട് ലഭിക്കുകയുള്ളു. തനതു വരുമാനമില്ലാത്തതിനാല്‍ ബ്ലോക്ക് മെംബര്‍ക്ക് കാര്യമായ വികസനമൊന്നും കാഴ്ചവയ്ക്കാനാവില്ല. കാലാവധി കഴിയുമ്പോള്‍ കഴിവുകെട്ടവരെന്ന പേരുദോഷവും ബാക്കി.
ബ്ലോക്കില്‍ മത്സരിക്കാന്‍ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയോളം ചെലവു വരുംതാനും. അതിനാല്‍ ബ്ലോക്ക് ഡിവിഷനുകളിലേക്ക് സ്ഥാനമോഹികളുടെ വലിയ ഇടിയില്ല. നല്ല നികുതി, വാടക വരുമാനമുള്ള ഗ്രാമപഞ്ചായത്തുകളില്‍ കൗണ്‍സിലറാകാന്‍ താല്പര്യപ്പെടുന്നവര് പലരാണ്. മാത്രവുമല്ല രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവു വരികയുമില്ല.
അനുകൂല വാര്‍ഡുകളില്‍ അര ലക്ഷം രൂപ പോലും സാമ്പത്തിക ചെലവ് വരില്ല. ജില്ലാ പഞ്ചായത്തിന് കോടികളുടെ സര്‍ക്കാര്‍ വിഹിതമുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ അവിടേക്കാണ് നോട്ടമിടുന്നത്. കോടികളുടെ നികുതി, വാടക വരുമാനമുള്ള മുനിസിപ്പാലിറ്റികളില്‍ മെംബറായാല്‍ ചിലര്‍ക്കെങ്കിലും കൊയ്ത്താണ്. മൂന്നും നാലും തവണയായി തുടരെ കൗണ്‍സിലറായി നേട്ടമുണ്ടാക്കുന്നവരുമുണ്ട്.
District News
മടിക്കൈ: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മടിക്കൈ പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മന്ത്രി എ.കെ. ശശീന്ദ്രന് ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി. ചടങ്ങില്‍ ഷീ ജിം പദ്ധതിയുടെയും വയോജനങ്ങള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കുമായി ഒരുക്കിയ ജെറിയാട്രിക് ഫുഡിന്റെയും ഉദ്ഘാടന കര്‍മവും വനിതാ വ്യവസായിക പരിശീലന കേന്ദ്രത്തിന്റെയും ഐഐപിഡി റോഡിന്റെയും ശിലാസ്ഥാപനവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, കുടുംബശ്രീ ഡിഎംസി രതീഷ്കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ എം. അബ്ദുള്‍ റഹ്മാന്, രമ പദ്മനാഭന്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഹഫ്സത്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍, കുടുംബശ്രീ എഡിഎംസിമാരായ സി.എച്ച്. ഇക്ബാല്‍, ഹരിദാസ്, സിഡിഎസ് അധ്യക്ഷ റീന എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, എഡിഎസ് സെക്രട്ടറി രമ കക്കാട്ട് എന്നിവർ പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്റെ ഒപ്പം 2025 പരിപാടികളുടെ ഉദ്ഘാടനവും പടവുകള്‍ വികസനരേഖയുടെ പ്രകാശനവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി 47 ഭിന്നശേഷിക്കാര്‍ക്ക് ഹിയറിംഗ് എയ്ഡ് വിതരണം നടത്തി. സ്കൂളുകള്‍ക്ക് ലാപ്ടോപ്, ലൈബ്രറികള്‍ക്ക് ഷെല്‍ഫ്, എയ്ഡ് സ്കൂളുകള്‍ക്ക് ഇന്‍സിനേറ്റര്‍ എന്നിവയും വിതരണം ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് ആവിഷ്കരിച്ച നൈപുണ്യ പരിശീലന പദ്ധതിയില്‍ ചേര്‍ന്ന 52 പേര്‍ക്കും നിയമന ഉത്തരവ് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ. ശകുന്തള, ഗീതാ കൃഷ്ണന്, എസ്.എന്‍. സരിത, എം.മനു, അംഗങ്ങളായ ഫാത്തിമത്ത് ഷംന, സി.ജെ. സജിത്ത്, ഷിനോജ് ചാക്കോ, സെക്രട്ടറി എസ്. ബിജു, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ആര്. ഷൈനി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ. ബാലകൃഷ്ണന്, തലശേരി എന്‍ടിടിഎഫ് പ്രിന്‍സിപ്പല്‍ വി.എം.സരസ്വതി എന്നിവര്‍ പങ്കെടുത്തു.